ബ്രസീല്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് ടെസ്റ്റിന്റെ പരിശോധന ഫലം പോസിറ്റീവ് ആയതായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ടെലിവിഷനിൽ തത്സമയം പ്രഖ്യാപിച്ചു. “ഫലം പോസിറ്റീവായി വന്നിട്ടുണ്ട്,” മാസ്ക് ധരിച്ച ജെയർ ബോൾസോനാരോ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

65- കാരനായ ജെയർ ബോൾസോനാരോ പകർച്ചവ്യാധിയെ നിസ്സാരവത്കരിക്കുകയും സാമൂഹിക അകലം പാലിക്കുന്നതിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ  ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ , 65,000 മരണവും 1.6 ദശലക്ഷം കേസുകളും. ഒന്നാം സ്ഥാനത്ത് യു.എസ് ആണ്. മൂന്നാമത്തെ സ്ഥാനം ഇന്ത്യയ്ക്കാണ്.

മാർച്ചിൽ ബ്രസീലിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ വലതുപക്ഷ ജനകീയവാദിയായ ജെയർ ബോൾസോനാരോ രാജ്യത്തെ അഭിസംബോധന ചെയ്ത്, തനിക്ക് രോഗം ബാധിച്ചാൽ കായിക പശ്ചാത്തലമുള്ളതിനാൽ പെട്ടന്ന് തന്നെ മാറുമെന്നാണ് അറിയിച്ചത്.

അതിനുശേഷം, മുഖംമൂടി തെറ്റായി ധരിച്ചും, പലപ്പോഴും ധരിക്കാതെയുമാണ് ജെയർ ബോൾസോനാരോ സാമൂഹിക പരിപാടികളിലും രാഷ്ട്രീയ റാലികളിലും പങ്കെടുത്തിരുന്നത്.