തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം, ജനുവരി 31- നകം ബ്രെക്സിറ്റ് വാഗ്ദാനം ചെയ്ത് ബോറിസ് ജോൺസൺ

ആസൂത്രണം ചെയ്തത് അനുസരിച്ച് ജനുവരി 31- ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വെള്ളിയാഴ്ച വാഗ്ദാനം ചെയ്തു.

ബ്രെക്‌സിറ്റിനെതിരായ മൂന്നു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ തർക്കത്തെ അപലപിച്ച അദ്ദേഹം പറഞ്ഞു: “ഈ വിഡ്‌ഢിത്തങ്ങളെല്ലാം ഞാൻ അവസാനിപ്പിക്കും, ജനുവരി 31- നകം ബ്രെക്‌സിറ്റ് കൃത്യസമയത്ത് പൂർത്തിയാക്കും.”

ബ്രിട്ടനിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് പാർട്ടി ഭൂരിപക്ഷം നേടി. ആകെയുള്ള 650 സീറ്റിൽ 637 എണ്ണത്തിലെ ഫലം പുറത്തു വന്നപ്പോൾ കൺസർവേറ്റിവ് പാർട്ടി 355 സീറ്റ് നേടി വ്യക്തമായ മുൻ‌തൂക്കം കരസ്ഥമാക്കി. 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കൺസർവേറ്റിവുകൾ 43 .6 ശതമാനം വോട്ട് നേടി. ലേബർ പാർട്ടിക്ക് 202 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. വോട്ട് ഷെയർ 32 .4 ശതമാനം. സ്‌കോട്ടിഷ് നാഷണൽ പാർട്ടി 48 സീറ്റും ലിബറൽ ഡമോക്രാറ്റുകൾ പത്തു സീറ്റും നേടി.