മിസൈൽ ആക്രമണം; സൗദിയിൽ ഇറാനിയൻ എണ്ണക്കപ്പലിന് തീപിടിച്ചു; ചെങ്കടലിനെ മലിനമാക്കി എണ്ണച്ചോർച്ച

ഇറാൻ ഉടമസ്ഥതയിലുള്ള സിനോപ എന്ന എണ്ണക്കപ്പലിന് നേരെ  മിസൈൽ ആക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഓയിൽ ടാങ്കറിന് തീപിടിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് മിസൈലുകൾ വന്നിടിച്ചതിനെ തുടർന്നാണ് കപ്പലിൽ സ്ഫോനം ഉണ്ടായത്. ഇത് തീവ്രവാദ ആക്രമണമാണെന്ന് വിദഗ്ധർ സംശയിക്കുന്നു.

നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് കനത്ത നാശനഷ്ടമുണ്ടായതായും ജിദ്ദയിൽ നിന്ന് 60 മൈൽ അകലെയുള്ള ചെങ്കടലിലേക്ക് എണ്ണ ചോർന്നതായും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങൾ ഇറാനിലെ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി ഐ‌.എസ്‌.എൻ‌.എയോട് പറഞ്ഞു.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധമുള്ള നൂർ വാർത്താ ഏജൻസി, കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് പറഞ്ഞു.

സെപ്റ്റംബർ 14 ന് സൗദി അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകളിൽ ഉണ്ടായ ആക്രമണത്തിന് ശേഷം പ്രാദേശിക ശത്രുക്കളായ ഇറാനും സൗദി അറേബ്യയും തമ്മിൽ സംഘർഷം ഉയർന്നിട്ടുണ്ട്, ഈ ആക്രമണം വളരെ അധികം നാശനഷ്ടം ഉണ്ടാക്കുകയും പ്രതിദിനം 5.7 ദശലക്ഷം ബാരൽ ഉൽപാദനം (ബി.പി.ഡി) അടച്ചുപൂട്ടുകയും ചെയ്തു (ആഗോള എണ്ണയുടെ 5% ത്തിൽ കൂടുതൽ വിതരണം).

ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്റെ ഹൂത്തി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നുവെങ്കിലും തെക്ക് പടിഞ്ഞാറൻ ഇറാനിൽ നിന്നാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. റിയാദ് തെഹ്‌റാനെയാണ് സംഭവത്തിൽ കുറ്റപ്പെടുത്തിയത്. അതേസമയം യെമൻ യുദ്ധത്തിൽ ഹൂത്തികളെ പിന്തുണയ്ക്കുന്ന ഇറാൻ ഇടപെടൽ നിഷേധിച്ചിരുന്നു.