കൂട്ടുകാരുമൊത്ത് ബംഗ്ലാദേശില്‍ ഒളിച്ചു കളിച്ച പതിനഞ്ചുകാരന്‍ എത്തപ്പെട്ടത് മലേഷ്യയില്‍!

കൂട്ടുകാരുമൊന്നിച്ച് ഒളിച്ചുകളിച്ച പതിനഞ്ചുകാരന്‍ എത്തപ്പെട്ടത് മറ്റൊരു രാജ്യത്ത്. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിമിനാണ് കളി കാര്യമായി ഭവിച്ചത്. ഒളിച്ച് കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കുടുങ്ങിയ ഫാഹിം ബംഗ്ലാദേശില്‍നിന്ന് മലേഷ്യയില്‍ എത്തിപ്പെടുകയായിരുന്നു.

കണ്ടെയ്‌നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ദിവസങ്ങളോളം കുട്ടി കണ്ടയ്‌നറിലിരുന്നത് എന്നതാണ് അത്ഭുതം. കണ്ടെയ്‌നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Fifteen-year-old Fahim, identified only by his first name, was discovered in a shipping container in West Port, Malaysia, after the ship he was on journeyed six days from Chittagong, Bangladesh. Photo: Twitter

അവശനായ കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാര്‍ഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.