ബഖ്മുട്ട് ഇപ്പോഴും ഞങ്ങളുടെ നിയന്ത്രണത്തിൽ ; യുക്രൈൻ പ്രത്യാക്രമണം നടത്തിയിട്ടില്ല,പ്രതികരിച്ച് റഷ്യ

ബഖ്മുട്ടിനടുത്തുള്ള  പ്രദേശത്ത് നിന്ന്  റഷ്യൻ സേനയെ തുരത്തിയെന്ന യുക്രൈൻ വാദം തള്ളി റഷ്യ.ഈ റിപ്പോർട്ടുകൾ വ്യാജമാണെന്നും  പ്രദേശം റഷ്യൻ സൈന്യത്തിന്റ  നിയന്ത്രണത്തിലാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പ്രത്യാക്രമണത്തിന്റെ ഭാഗമായി ബഖ്മുട്ടിനടുത്ത്  ചില പ്രദേശങ്ങളിൽ നിന്ന്  റഷ്യൻ സേന 2 കിലോമീറ്ററോളം  പിൻമാറിയതായി യുക്രൈൻ കരസേനമേധാവി കേണൽ ജനറൽ ഒലക്സാണ്ടർ  സിർസ്കി ബുധനാഴ്ച പറഞ്ഞിരുന്നു.റഷ്യൻ ആക്രമണം സ്തംഭിച്ചിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം റഷ്യൻ അതിർത്തിപ്രദേശമായ  ബ്രയാൻസ്കയിലെ എണ്ണ സംഭരണ ഡിപ്പോയിൽ യുക്രൈൻ  ആക്രമണം നടത്തിയതായി  പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കിയും അറിയിച്ചു.

ഇപ്പോൾ പ്രത്യാക്രമണം ശക്തമായി തുടർന്നാൽ  യുക്രൈന് ഇനിയും ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടും.കൂടുതൽ ശക്തമായി ആക്രമിക്കണമെങ്കിൽ മറ്റ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കണമെന്നും  അതിനായി കീവ് കാത്തിരിക്കുകയാണെന്നും  വ്ലാഡമിർ സെലൻസ്കി വ്യക്തമാക്കി.

റഷ്യൻ യുക്രൈൻ യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപത്തിനാണ് ഇപ്പോൾ ബഖ്മൂട്ട് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.20000 ൽ താഴെ മാത്രമാണ് ബഖ്മൂട്ടിലെ ഇപ്പോഴത്തെ ജനസംഖ്യ. ബഖ്മുട്ട്  കീഴടക്കിയാൽ ക്രമാറ്റോസ്ക്  ഉൾപ്പെടെയുള്ള  യുക്രൈനിലെ മറ്റ് പ്രധാന നഗരങ്ങൾ കൂടി കീഴടക്കാൻ സേനക്ക്  സഹായകമാകും എന്ന് റഷ്യ വിലയിരുത്തുന്നു