'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമർശനവുമായിആയത്തുള്ള രംഗത്തെത്തിയിരിക്കുന്നത്. ഇറാൻ ആണവ ചർച്ചകൾക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖമേനിയുടെ രൂക്ഷ പ്രതികരണം വരുന്നത്.

‘നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസനീയമാണ്’ എന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടിവിയോട് ഖമേനി പ്രതികരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ മാസം നടന്ന ആക്രമണം ടെഹ്‌റാൻ വാഷിംഗ്ടണിനെതിരെ പ്രഹരമേൽപ്പിക്കുന്നതിൻ്റെ തുടക്കം മാത്രമാണെന്നും യുഎസിനും മറ്റുള്ളവർക്കും ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.

Read more

വേനൽക്കാലം അവസാനിക്കുന്നതോടെ അമേരിക്കയ്ക്ക് ആണവ ചർച്ചകളിൽ മുന്നോട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾ സ്നാപ്പ്ബാക്ക് ഉപരോധങ്ങൾ ശക്തിപ്പെടുത്താൻ ആലോചിക്കുന്നതായി ഇറാനിയൻ ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഖമേനിയുടെ പ്രതികരണം വരുന്നത്.