ഓസ്ട്രേലിയയില്‍ വീണ്ടും കരുത്ത്കാട്ടി ലേബര്‍ പാര്‍ട്ടി; പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് രണ്ടാമൂഴം; തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവടക്കം പരാജയപ്പെട്ടു

ഓസ്ട്രേലിയയില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലേക്ക്. പാര്‍ലമെന്റിലെ 150 അംഗ അധോസഭയില്‍ 81 സീറ്റിലാണ് ലേബര്‍പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. പീറ്റര്‍ ഡ്യൂട്ടണ്‍ നയിക്കുന്ന പ്രതിപക്ഷമായ ലിബറല്‍പാര്‍ട്ടിയാണ് രണ്ടാമത്.
ആന്തണി ആല്‍ബനീസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ക്കായാണ് ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് ആന്തണി ആല്‍ബനീസ് പറഞ്ഞു. എല്ലാവര്‍ക്കും നീതി, എല്ലാവര്‍ക്കും അവസരം എന്ന മുദ്രാവാക്യത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭയിലെ 150 സീറ്റിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

യുഎസിന്റെ തീരുവയുദ്ധമുള്‍പ്പെടെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയപശ്ചാത്തലത്തില്‍, ഓസ്ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിര്‍ത്താനായതാണ് ആല്‍ബനീസിനെ തുണച്ചത്.

21 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ പരാജയപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ഥി അലി ഫ്രാന്‍സാണ് പീറ്റര്‍ ഡട്ടണെ പരാജയപ്പെടുത്തിയത്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.