ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തില്‍ കുത്തേറ്റത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യുങിന് നേരെ ആക്രമണം. മ്യുങിന്റെ കഴുത്തില്‍ കുത്തേറ്റു. തുറമുഖ നഗരമായ ബുസാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം നേരിട്ടത്. അക്രമിയെ സംഭവ സ്ഥലത്ത് തന്നെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. കഴുത്തിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്.

പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കത്തിയുമായി അക്രമി ആള്‍ക്കൂട്ടത്തില്‍ നിന്ന് ലീ ജേയ് മ്യുങിന് നേരെ പാഞ്ഞടുത്തത്. ലീയുടെ പേര് പതിപ്പിച്ച തൊപ്പി ധരിച്ചാണ് അക്രമി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ലീയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു.

പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ലീയുടെ ആരോഗ്യ നില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ 2022ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ യൂന്‍ സുക് യോളിനോട് പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയില്‍ നേതാക്കള്‍ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല. 2022ല്‍ ലീ ജേയ് മ്യുങിന്റെ മുന്‍ഗാമി സോങ് യങ് ഗില്ലും ഇത്തരത്തില്‍ അജ്ഞാതന്റെ ആക്രമണം നേരിട്ടിരുന്നു.