അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു; സ്ഥിരീകരിച്ച് ജോ ബൈഡന്‍

തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയാണ് ഇയാളെ വധിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതെന്നും അമേരിക്ക വ്യക്തമാക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു അയ്മന്‍ അല്‍ സവാഹിരി. ഇയാളെ വധിച്ചതോടെ നീതി നടപ്പായെന്ന് ജോ ബൈഡന്‍ പറഞ്ഞു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകളാണ് പതിച്ചത്. കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

2011 ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ തലവനായത്. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.