പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

പലസ്തീന്റെ രാഷ്ട്രപദവി ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍. പലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ വ്യക്തമാക്കി.

പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ചില രാജ്യങ്ങള്‍ പറഞ്ഞ സാഹചര്യത്തിലാണ് ഇസ്രയേലിന്റെ ഭീഷണി. ജറുസലേമില്‍ ജര്‍മന്‍ വിദേശകാര്യമന്ത്രി ജൊഹാന്‍ വദേഫുലുമായിച്ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പലസ്തീന് രാഷ്ട്രപദവി നല്‍കുന്നത് ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനമായി ഇസ്രയേല്‍ കണക്കാക്കും, എന്നാല്‍ പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്രഫോര്‍മുല തന്നെയാണെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

അംേതസമയം, യെമനിലെ ഹോദൈദയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് റാസ് ഇസ, ഹോദൈദ, സാലിഫ് എന്നീ തുറമുഖങ്ങളിലെ ആളുകളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ഇതേകുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഹൂതികള്‍ തൊടുത്ത മിസൈല്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഹൂതികളുടെ ശക്തികേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 മുതല്‍ യുഎസ് സൈനിക നടപടി ആരംഭിച്ചിരുന്നു.