യുകെയിൽ 20 കാരിയായ ഇന്ത്യൻ വംശജയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി; വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമെന്ന് പൊലീസ്

യുകെയിൽ 20 കാരിയായ ഇന്ത്യൻ വംശജയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി. 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത് അതേസമയം വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

വടക്കൻ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വാൾസോളിലാണ് സംഭവം. ഇന്ത്യൻ വംശജയായ യുവതിയാണ് അക്രമത്തിന് ഇരയായതെന്നാണ് വിവരം. യൂറോപ്യൻ വംശജനായ പ്രതിക്കായി യുകെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമാണ് നടന്നതെന്ന് യുകെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണം നടക്കുമ്പോൾ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച, 30 വയസ്സിനടുത്ത് പ്രായമുള്ള അധികം മുടിയില്ലാത്ത യൂറോപ്യൻ വംശജനാണ് പ്രതിയെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. തികച്ചും ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിക്കുനേരെ ഉണ്ടായതെന്നും ഉത്തരവാദിയെ പിടികൂടുന്നതിനായി സാധ്യമായതെല്ലാം ചെയ്തുവരികയാണെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോനൻ ടൈററിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Read more