'ഡോളറിനെ കൈവിട്ടാൽ 100% നികുതി'; ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വീണ്ടും ട്രംപ്

ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്ക് 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. മാറ്റമുണ്ടായാൽ അമേരിക്കൻ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓർമ്മിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.

Read more

എന്നാൽ ഡോളറിന് പകരം മറ്റ് കറൻസി സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതെസമയം സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ചുള്ള പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഡോളറിന് പകരമായി നിലവിലെ ഏതെങ്കിലും കറൻസിയെ ഉയർത്തിക്കൊണ്ടുവരികയോ ബ്രിക്സ് കറൻസി ഉണ്ടാക്കുകയോ ചെയ്യണമെന്ന് ബ്രിക്സ് രാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. 2024 ഒക്ടോബറിൽ നടന്ന ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകളുമുണ്ടായിരുന്നു.