ദാമ്പത്യ വിശ്വസ്തത തെളിയിക്കാൻ മകളെ തീ കൊളുത്തിക്കൊന്നു; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

പത്തുവയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ജയലക്ഷ്മി (35), ഭര്‍ത്താവ് പദ്മനാഭന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ഞായറാഴ്ച രാത്രിയാണ് ജയലക്ഷ്മിയുടെ രണ്ടാംവിവാഹത്തിലുള്ള മകള്‍ പവിത്രയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരം തന്റെ വിശ്വസ്തത തെളിയിക്കാനായി ജയലക്ഷ്മി തന്നെയാണ് മകളെ ജീവനോടെ തീകൊളുത്തിയത്. 75 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പിന്നീട് അയല്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. തുടര്‍ന്നാണ് ജയലക്ഷ്മിയെയും ഭര്‍ത്താവിനെയും പോലീസ് പിടികൂടിയത്.

മദ്യപിച്ചെത്തുന്ന പദ്മനാഭന്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ ഇതേച്ചൊല്ലിയാണ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്. ഞായറാഴ്ച രാത്രിയും ഇതേകാര്യത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്നാണ് പദ്മനാഭന്‍ ഭാര്യയെ വെല്ലുവിളിച്ചത്.

മകളെ ജീവനോടെ കത്തിച്ച് വിശ്വസ്തത തെളിയിക്കണമെന്നായിരുന്നു പദ്മനാഭന്റെ ആവശ്യം. ഭാര്യ നിരപരാധിയാണെങ്കില്‍ മകള്‍ക്ക് പൊള്ളലേല്‍ക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഉറങ്ങികിടക്കുകയായിരുന്ന മകളെ വലിച്ചിഴച്ച് കൊണ്ടുവന്ന ജയലക്ഷ്മി, മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തിരുവട്ടിയൂര്‍ സ്വദേശിയായ ജയലക്ഷ്മി 19-ാം വയസ്സില്‍ പാല്‍വണ്ണന്‍ എന്നയാളെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള ഒരു മകള്‍ നിലവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്.പിന്നീട് പാല്‍വണ്ണനുമായി വേര്‍പിരിഞ്ഞ ജയലക്ഷ്മി ഇയാളുടെ സഹോദരനായ ദുരൈരാജിനെ വിവാഹം കഴിഞ്ഞു. ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തു. ദുരൈരാജുമായുള്ള ബന്ധത്തിലുള്ള കുട്ടിയാണ് പവിത്ര. എന്നാല്‍ ഈ വിവാഹബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. ദുരൈരാജിനെ ഉപേക്ഷിച്ച് ജയലക്ഷ്മി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി.

Read more

തുടര്‍ന്നാണ് ടാങ്കര്‍ ലോറി ഡ്രൈവറും വിവാഹമോചിതനുമായ പദ്മനാഭനെ വിവാഹം ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.