എകെജി വിവാദത്തില്‍ കോണ്‍ഗ്രസില്‍ അടുക്കള വിപ്ലവം; നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍

എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തള്ളിപറഞ്ഞപ്പോള്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസനും തള്ളിയിട്ടും ബല്‍റാമിനെ തുണച്ച് എ ഗ്രൂപ്പിലെ പ്രമുഖനായ ടി.സിദ്ദീഖ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

എ.കെ.ജിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ സിദ്ദിഖ് ആവശ്യപ്പെട്ടു. ബല്‍റാമിനെതിരായ നീക്കത്തിന് പിന്നില്‍ സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ്. ബല്‍റാമിനെ ഒറ്റപ്പെടുത്താനുളള നീക്കം ശരിയല്ലെന്നും ടി.സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്. വി.ടി ബല്‍റാം വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര് രംഗത്ത് എത്തി. ബല്‍റാമിന്റെ ഓഫിസ് രണ്ടു തവണ ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിക്കാന്‍ ആരും വന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ സി.പി.എമ്മിനെ പ്രീതിപ്പെടുത്താന്‍ മല്‍സരിക്കുകയാണ്. ഫെയ്‌സ് ബുക്കില്‍ അഭിപ്രായം എഴുതിയതിന്റെ പേരില്‍ ബല്‍റാം കോണ്‍ഗ്രസ് നേതാക്കളാല്‍ വേട്ടയാടപ്പെടരുതെന്നും സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

എ.കെ.ജിയ്ക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മാപ്പു പറയണമെങ്കില്‍ ആദ്യം കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയട്ടെ. വി.ടി ബല്‍റാം മാപ്പു പറയുന്ന കാര്യം അതിനു ശേഷം തീരുമാനിക്കാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നിലപാട്.

നെഹ്റു കുടുംബത്തിനെതിരെ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.
നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മാപ്പുപറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

വി.ടി.ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയ തെറ്റ് ചെയ്തവരെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം. നെഹ്‌റു കുടുംബത്തെ വരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംസ്‌കാരമാണ് പ്രധാനമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കിരുന്നു.

വിടി ബല്‍റാമിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുസമവാക്യങ്ങള്‍ മാറിമറിയുമെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. വിടി ബല്‍റാമിന് പിന്തുണ നല്‍കാത്തതിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം.