ലൗജിഹാദ് കൊലപാതകം: 'പ്രതിയെ വെറുതെ വിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ഭീഷണി മുഴക്കി ഹിന്ദ് സേന അംഗം

രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലീം യുവാവിനെ വെട്ടികൊന്ന് കത്തിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച കേസിലെ പ്രതി ശംഭുലാല്‍ റീഗറിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നിന്ന് യുവാവിന്‍റെ  ആത്മഹത്യഭീഷണി.

ജെയ്പൂരിലെ അന്‍ഷുല്‍ ദാതിച്ച് എന്ന 26 വയസുകാരനാണ് വെള്ളട്ടാങ്കിന് മുകളില്‍ കയറി നിന്ന് ശംഭുലാല്‍ റീഗറിന് വേണ്ടി  മുദ്രവാക്യം വിളിച്ചത്. “ശംഭുലാല്‍ റീഗറിനെ വെറുതെ വിടുക അല്ലങ്കില്‍ ഞാന്‍ ഇതിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യും”എന്നായിരുന്നു ഭീഷണി. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം എന്ന് നിങ്ങള്‍ ഏറ്റുവിളിക്കേണ്ടതുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു.

ആസാദ് ഹിന്ദ് സേന, രാഷ്ട്രീയ ബ്രാഹ്മണ്‍ മഹാസഭ തുടങ്ങിയ സംഘടനയിലെ അംഗമാണ്  ഇയാള്‍. വിഷയത്തില്‍ അയാളെ പിന്തുണയ്ക്കണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സംഘടന നേതാവ് ഗജേന്ദ്ര പരീക്ക് പറഞ്ഞത്.

യുവാവിനെ താഴെ ഇറക്കിയതിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് അയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്. ശംഭുലാല്‍ റിഗറിന്‍റെ ഭാര്യയുടെ പേരില്‍ ധനസമാഹരണം നടത്തിയ ബാങ്ക് അക്കൌണ്ട് കഴിഞ്ഞ ദിവസം പോലീസ് മരവിപ്പിച്ചിരുന്നു.