മര്യാദാ പുരുഷോത്തം ശ്രീറാം എയർപോർട്ട്; അയോദ്ധ്യയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിൻറെ പേരു മാറ്റാന്‍ അംഗീകാരം നല്‍കി യോഗി സര്‍ക്കാര്‍

അയോദ്ധ്യയിൽ നിർമ്മിക്കുന്ന എയര്‍പോര്‍ട്ടിന്റെ പേര് മാറ്റാനുള്ള ശിപാര്‍ശയ്ക്ക് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മര്യാദാ പുരുഷോത്തം ശ്രീറാം വിമാനത്താവളം എന്നാണ് യോഗി സർക്കാർ നിർദേശിച്ച പേര്. പുതിയ പേരിന്റെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതുസംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

നിയമസഭ പാസാക്കിയ ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ആവശ്യം വ്യോമയാനമന്ത്രാലയം എളുപ്പം അംഗീകരിക്കാനാണ് സാദ്ധ്യത. നേരത്തെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോദ്ധ്യ’ എന്നാക്കി മാറ്റിയിരുന്നു.

2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ അയോദ്ധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിൽ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോദ്ധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിർമ്മാണത്തിനായി ചെലവഴിച്ചു. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചിട്ടുണ്ട്.