ഹത്റാസ് കൂട്ടബലാത്സംഗ കേസ്; അന്വേഷണം സിബിഐക്ക് വിട്ട് യോഗി സർക്കാർ

ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സിബിഐക്ക്. കേസില്‍ സിബിഐ അന്വേഷണത്തിന് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.  പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരാണ്. കോണ്‍ഗ്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമാണ്. ഇരയുടെ കുടുംബത്തിന്‍റെ ശബ്ദും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

കേസില്‍ ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റിയെന്ന് യുപി ഡിജിപി എച്ച്‌സി അവസ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെ കണ്ടതിന് ശേഷമാണ് പൊലീസ് മേധാവിയുടെ പ്രതികരണം. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിച്ച ജില്ലാ കലക്ടര്‍ക്ക് എതിരെ കുടുംബം പൊലീസ് മേധാവിക്ക് പരാതി നല്‍കി.

എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം, ആദ്യമായി കുടുംബത്തെ കാണാനെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അവസ്തി.