'ദ കേരള സ്റ്റോറി'യുടെ അണിയറ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി യോഗി ആദിത്യനാഥ്; ലോക് ഭവനില്‍ മേയ് 12ന് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദചിത്രം ‘ദ കേരള സ്റ്റോറി’യുടെ അണിയറ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ സംവിധായകന്‍ സുധിപ്‌തോ സെന്‍, നിര്‍മ്മാതാവ് വിപുല്‍ ഷാ, നായിക ആദാ ശര്‍മ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

യോഗിക്കും യുപി കാബിനറ്റിലെ മറ്റ് അംഗങ്ങള്‍ക്കുമായി ലോക് ഭവനില്‍ മേയ് 12-ന് ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തുമെന്നാണ് സൂചന. ചിത്രത്തിന് യുപിയില്‍ വിനോദ നികുതി ഇളവ് ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ നിര്‍മ്മാതാക്കള്‍ നന്ദി അറിയിച്ചു.

സുധിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി റിലീസിനു മുമ്പു തന്നെ പ്രമേയം കൊണ്ട് വിവാദം സൃഷ്ടിച്ചിരുന്നു. ഐ.എസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാലു സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ കേരളത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്നായിരുന്നു സിനിമക്കെത്രെ ഉയര്‍ന്ന പ്രധാന ആക്ഷേപം.

കേരളത്തില്‍ മതം മാറ്റി 32000 സ്ത്രീകളെ ഐ.എസില്‍ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നായിരുന്നു സിനിമയിലൂടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞുവെച്ചിരുുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ യു ട്യൂബ് ട്രെയ്‌ലറുടെ വിവരണത്തില്‍ 32000എന്നു മാറ്റി മൂന്നു സ്ത്രീകളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.