'ഓപ്പറേഷന്‍ സിന്ദൂറി'നെതിരെ വ്യാജവാര്‍ത്തകള്‍: 8000 അക്കൗണ്ടുകള്‍ നീക്കം ചെയ്തു; കേരളത്തില്‍ മാത്യു സാമുവലിന്റെ യുട്യൂബ് ചാനലിനും മക്തൂബ് മീഡിയക്കുമെതിരെ നടപടി; 'ദ വയര്‍' വെബ്‌സൈറ്റ് നിരോധിച്ചു

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’നെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച എണ്ണായിരത്തിലധികം സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രം നീക്കം ചെയ്തു. യുട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും വാര്‍ത്ത ഓണ്‍ലൈനുകളുടെ എക്‌സ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മലയാളത്തില്‍ മക്തൂബ് ഓണ്‍ലൈന്റ എക്‌സ് അക്കൗണ്ടും, മാധ്യമ പ്രവര്‍ത്തകനായ മാത്യു സാമുവല്ലിന്റെ യുട്യൂബിനുമെതിരെ വാര്‍ത്ത വിതരണമന്ത്രാലയം നടപടി എടുത്തിട്ടുണ്ട്.

പ്രമുമ ഓണ്‍ലൈനായ ‘ദ വയിന്റെ’ വെബ്‌സൈറ്റും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം മാധ്യമ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ഇവര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടപ്പോള്‍ അഞ്ചല്ല ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവലിന്റെ ചാനലിലൂടെ വ്യാജപ്രചരണം നടത്തിയത്.

മൂന്ന് റഫാല്‍ വിമാനങ്ങള്‍, രണ്ട് മിഗ് വിമാനങ്ങള്‍ എന്നിവ വെടിവെച്ചിട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എന്നാല്‍ അഞ്ചല്ല ഏഴ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് മാത്യു സാമുവല്‍ അവകാശപ്പെടുന്നത്.  കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ നഷ്ടം എന്നാണ് മാത്യു സാമുവല്‍ പറയുന്നത്. പക്ഷെ ഈ തിരിച്ചടി ഇന്ത്യ സമ്മതിക്കുന്നില്ലെന്നും മാത്യു സാമൂവല്‍ ആരോപിച്ചു.

നിയമനടപടിക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെച്ചുവെന്ന് എഡിറ്റോറിയല്‍ ടീം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു അറിയിപ്പ് ലഭിച്ചതായി മക്തൂബ് മീഡിയ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഏകപക്ഷീയനടപടിയുടെ കാരണം എന്താണെന്ന് ഇതേവരേയ്ക്കും വിവരം ലഭിച്ചിട്ടില്ല.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയേറ്റമാണിത്. വസ്തുതകളും വാസ്തവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം നിര്‍വഹിക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും മാധ്യമ സ്ഥാനപനം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ മക്തൂബിന്റെ വെബ്‌സൈറ്റില്‍ നിന്നും ഇതര സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വായനക്കാരോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും എഡിറ്റോറിയല്‍ ടീം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ദി വയര്‍ വെബ്‌സൈറ്റ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെയും ലംഘിച്ച് ഇന്ത്യയിലുടനീളം ദി വയര്‍ വെബ്‌സൈറ്റ് കേന്ദ്രം തടഞ്ഞിരിക്കുന്നുവെന്ന് ദി വയര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള 8,000 ല്‍ കുറയാത്ത അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഈ ഉത്തരവുകളോട് വിയോജിപ്പുണ്ടെങ്കിലും അവ പാലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും എക്സ് പറഞ്ഞു.

സര്‍ക്കാരിന്റെ നിയമപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചില പത്രപ്രവര്‍ത്തകരുടെയും വാര്‍ത്താ സ്ഥാപനങ്ങളുടെയും ഇന്ത്യയില്‍ അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് എക്‌സിന്റെ വിശദീകരണം. സര്‍ക്കാര്‍ പുറപ്പെടുവിച്ച 8,000-ത്തിലധികം ബ്ലോക്ക് ചെയ്യല്‍ ഉത്തരവുകളില്‍ ഭൂരിഭാഗത്തിലും, ഒരു അക്കൗണ്ടില്‍ നിന്നുള്ള ഏതൊക്കെ പോസ്റ്റുകളാണ് ഇന്ത്യയുടെ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.