'സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു'; സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം, ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. ബിആർ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമമുണ്ടായി. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് സംഭവം. സനാതന ധർമ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകൻ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിച്ചു എന്നുമാണ് റിപ്പോർട്ട്.

പിന്നാലെ സുപ്രീംകോടതിയുടെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകൻ പ്രതികരിച്ചു.

Read more

നാടകീയ സംഭവങ്ങളിൽ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടർന്നു. നേരത്തെ ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് നടത്തിയ പരാമർശങ്ങളാണ് ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പിൽ എത്തിയിരുന്നു. അപ്പോഴാണ് ‘നിങ്ങളുടെ ദൈവത്തോട് പറയൂ’ എന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.