ലഖിംപൂര്‍ഖേരി കൂട്ടക്കൊല കേസിലെ സാക്ഷിക്ക് നേരെ വെടിവെയ്പ്; കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശില്‍ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ദില്‍ബാഗ് സിങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ കര്‍ഷക നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ ആക്രമികള്‍ ആദ്യം കാറിന്റെ ടയറിലേക്ക് വെടി വെക്കുകയായിരുന്നു. പിന്നീട് വാഹനത്തിന്റെ ചില്ലുകള്‍ തല്ലിപൊട്ടിക്കാന്‍ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിന് പിന്നിലായി കുനിഞ്ഞ് ഇരുന്നതുകൊണ്ടാണ് താന്‍ വെടികൊള്ളാതെ രക്ഷപ്പെട്ടതെന്ന് കര്‍ഷകനേതാവ് പറഞ്ഞു.

ലഖിംപുര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസില്‍ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് ആക്രമണം. സ്ഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂരില്‍ കൂട്ടക്കൊല നടന്നത്. കര്‍ഷക ബില്ലിന് എതിരെ സമരം നടത്തിയിരുന്ന കര്‍ഷകരാണ് മരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാമ് കേസിലെ പ്രധാന പ്രതി. കര്‍ഷക പ്രതിഷേധത്തിന് നേരെ അജയ് മിശ്ര കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 4 കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.