മധ്യപ്രദേശില്‍ പൊതുസ്ഥലങ്ങളിലെ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്, ഗോവധത്തിന് ദേശീയസുരക്ഷാ നിയമം പ്രയോഗിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ്

മധ്യപ്രദേശില്‍ പൊതുസ്ഥലങ്ങളിലെ ആര്‍.എസ്.ശാഖകള്‍ അടച്ചുപൂട്ടുമെന്ന് കമല്‍നാഥ്. ഗോവധത്തിന് ഇനി മുതല്‍ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. അധികാരത്തിലേറി ഉടന്‍ തന്നെ ഗോവധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ പേരില്‍ ദേശീയസുരക്ഷാ നിയമമനുസരിച്ച് കമല്‍നാഥ് സര്‍ക്കാര്‍ കേസെടുത്തത് വലിയ വിവാദമായിരുന്നു. പി ചിദംബരമടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

വ്യാപകമായി ഗോശാലകള്‍ സ്ഥാപിക്കുമെന്ന പ്രസ്താവനയും വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാറ്റ് അനുകൂലമാണെന്നും കോണ്‍ഗ്രസ് 130 സീറ്റുകള്‍ നേടുമെന്നും കമല്‍നാഥ് ഏഷ്യാനെറ്റിനോട് പറഞ്ഞു. മധ്യപ്രദേശില്‍ 29ല്‍ 22 സീറ്റുകള്‍ നേടുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു. നിലവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ മാത്രമാണുള്ളത്. എന്നാല്‍ 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍
15 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് നിന്ന് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു.

ശക്തമായ ഭരണവിരുദ്ധ വികാരവും, കാര്‍ഷിക മേഖലിയെ പ്രതിസന്ധിയും ബി.ജെ.പിയെ താഴെയിറക്കുകയായിരുന്നു. മധ്യപ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു. കര്‍ഷകരോക്ഷം ആഞ്ഞു വീശിയപ്പോള്‍ ഇവിടങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ നിലംപൊത്തുകയായിരുന്നു. അധികാരത്തിലേറി ഈ മൂന്ന് സംസ്ഥാനങ്ങളിലും വ്യത്യസ്ത മാനദണ്ഡങ്ങളോടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത് ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.