പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കേണ്ടവർ; വിവാദ പരാമർശവുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ മിഥിലേഷ് തിവാരി. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പരാമർശം.

‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിന്റെ ആവശ്യമെന്താണ്?’ എന്നാണ് മിഥിലേഷ് തിവാരി പറഞ്ഞത്. വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു റിപ്പോർട്ടർ വാദിച്ചപ്പോൾ, ‘പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ സ്വയമേവ ലഭിക്കും’ എന്ന് അദ്ദേഹം മറുപടി നൽകി.

വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബിഹാര്‍ സാക്ഷരതാ നിരക്കില്‍ ആദ്യമേ തന്നെ പിന്നിലാണെന്നും അതിനിടയ്ക്ക് ജനസംഖ്യയുടെ പകുതിയിലേറെ ആളുകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കുന്നതാണോ നിങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ എന്നുമാണ് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്.

ബിഹാര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ഒരു ഇതിഹാസത്തെയും സ്ത്രീ ശാക്തീകരണത്തിന് പറ്റിയ പാര്‍ട്ടിയെയുമാണ് തെരഞ്ഞെടുത്തത് എന്ന് മറ്റൊരാൾ പരിഹസിച്ചു. ഇന്ത്യയെ നശിപ്പിക്കാന്‍ പാകിസ്താനോ ചൈനയോ പോലുളള ശത്രു രാജ്യങ്ങളുടെ ആവശ്യമില്ലെന്നും ഇന്ത്യയ്ക്കുളളില്‍ നിന്നു തന്നെ ഇന്ത്യയെ നശിപ്പിക്കുകയാണെന്നും മറ്റൊരു എക്സ് ഉപയോക്താവ് പറഞ്ഞു.

Read more

പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമർശങ്ങൾക്ക് വിരുദ്ധമാണ് തിവാരിയുടെ പരാമർശങ്ങൾ. സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ നൽകാനുള്ള അദ്ദേഹത്തിന്റെ നൂതന ആശയം സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകളിൽ പെൺകുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ സ്കൂൾ യൂണിഫോമുകൾക്ക് പണം നൽകുന്ന ‘പോഷക്’ യോജന ആരംഭിച്ചു.