രാജസ്ഥാനിലെ ഉയര്‍ന്ന വോട്ടിംഗ്‌ ശതമാനം പറയുന്നതെന്ത്?; കോണ്‍ഗ്രസും ബിജെപിയും നേര്‍ക്ക് നേര്‍ പോരടിച്ച സംസ്ഥാനത്തെ ഫലം 2024ന്റെ ചൂണ്ടുപലകയാകുമോ?

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന 2023ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒടുവിലെ സംസ്ഥാനമായ തെലങ്കാനയില്‍ വോട്ടിംഗ്‌ ചടുലമായി പുരോഗമിക്കുകയാണ്. ഛത്തീസ്ഗഢ്, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാന്‍ എിവടങ്ങളിലെ തിരഞ്ഞെടുപ്പ് നവംബര്‍ മാസങ്ങളില്‍ പല ദിവസങ്ങളിലായി പൂര്‍ത്തിയായതാണ്. ഡിസംബര്‍ 3ന് ആണ് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം വരിക. നവംബര്‍ 25ന് ആയിരുന്നു രാജസ്ഥാനിലെ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് മികച്ചുനിന്നുവെന്നതാണ് രാജസ്ഥാനില്‍ ഇക്കുറി കാണാന്‍ കഴിഞ്ഞത്. ഉയര്‍ന്ന പോളിംഗ് ശതമാനം എങ്ങനെ രാജസ്ഥാനെ സ്വാധീനിക്കുമെന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുണ്ട്.

ഉയര്‍ന്ന വോട്ടിംഗ്‌ ശതമാനം തങ്ങള്‍ക്ക് ഗുണകരമാകുമൊണ് ഭരണത്തുടര്‍ച്ച പ്രതീക്ഷിയ്ക്കുന്ന കോണ്‍ഗ്രസും തിരിച്ച് അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ബിജെപിയും ആവര്‍ത്തിക്കുന്നത്. 199 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 75.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ജയ്‌സാല്‍മീറിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 88.23%, ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ അഹോറയിലാകട്ടെ 61.24% വോട്ടാണ് രേഖപ്പെടുത്തിയത്.

2018ലെ തിരഞ്ഞെടുപ്പില്‍ 74.72 ശതമാനം പോളിംഗാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം 0.73 ശതമാനത്തിന്റെ വര്‍ധന പോളിംഗിലുണ്ടായി. ഇതില്‍ എടുത്തുപറയേണ്ട കാര്യം സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ പോളിംഗ് ബൂത്തിലെത്തിയതെന്നതാണ്. ഇതെങ്ങനെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ബാധിക്കുമെന്ന് അറിയുന്നതിന് ഡിസംബര്‍ 3 വരെ കാത്തിരിക്കണ്ടേണ്ടി വരും. ഇന്ന് വൈകിട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പുറത്തുവരും.

കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വലിയ ഭരണവിരുദ്ധ വികാരം ഇല്ലാത്തതാണ് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി ആര്‍ക്കും തുടര്‍ഭരണം നല്‍കാത്ത ചരിത്രമാണ് രാജസ്ഥാന്റേത് എന്നത് കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. ബിജെപിയ്ക്കുള്ളില്‍ കേന്ദ്ര നേതൃത്വവും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും തമ്മിലുണ്ടായ പ്രശ്‌നം കത്തിനിന്നതിനാല്‍ ബിജെപിയ്ക്കും രാജസ്ഥാനില്‍ ആശങ്കയുണ്ട്. 199 സീറ്റില്‍ 198ലും കോണ്‍ഗ്രസ് നേരിട്ടാണ് മല്‍സരിച്ചത്. ഒരു സീറ്റ് സഖ്യകക്ഷിയായ ആര്‍എല്‍ഡിയ്ക്ക് നല്‍കി.  ഇന്ത്യ മുന്നണിയിലെ പല സഖ്യകക്ഷികളും ഇവിടെ കോണ്‍ഗ്രസിനെതിരെ പോരാട്ടത്തിന് ഇറങ്ങിയതും മുന്നണി സാധ്യതതകള്‍ ചോദ്യം ചെയ്താണ്.

എന്തായാലും പോളിംഗ് ഉയര്‍ന്നതിന് പിന്നില്‍ മൂന്ന് കാര്യങ്ങളാണ് സൂചിപ്പിക്കാനാവുക.

1.അധികാരത്തിന് വേണ്ടി ഇരുശക്തികളും പോരടിച്ചപ്പോള്‍ ഇരുവിഭാഗത്തുമുള്ള അണികള്‍ പോളിംഗ് ബൂത്തിലേക്ക് കൃത്യമായെത്തി.

2.മികച്ച പോളിംഗ് രാജസ്ഥാനിലെ സാഹചര്യം വെച്ച് ഭരണവിരുദ്ധ വികാരത്തിന്റേയോ ഭരണാനുകൂല വികാരത്തിന്റേതോ ആണെന്ന് ഉറപ്പിക്കാനാവില്ല. ഒന്നിനൊന്നുള്ള എതിരാളികളുടെ പോര് മുറികിയെന്നേ കരുതാനാകൂ. കടുത്ത പോരാട്ടമാണ് ഡിസംബര്‍ 3ന് വോട്ടെണ്ണലിലൂടെ വെളിവാകുകയെന്ന് ചുരുക്കം.

3.തിരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയാകുന്ന ആളും അടുത്ത സ്ഥാനത്തുള്ള രണ്ടാം കക്ഷിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

97 സിറ്റിംഗ് എംഎല്‍എമാരെ ഇറക്കിയ കോണ്‍ഗ്രസ് നടപടി ജനങ്ങളെങ്ങനെ സ്വീകരിച്ചുവെന്നതും ഡിസംബര്‍ 3ന് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ബിജെപി ക്യാമ്പിലും കോണ്‍ഗ്രസ് ക്യാമ്പിലും ചേരി തിരിവ് നിറഞ്ഞുനിന്ന രാജസ്ഥാനില്‍ 31 ഓളം സീറ്റുകളില്‍ ഇരുവിഭാഗങ്ങളിലുമായി വിമത സ്ഥാനാര്‍ത്ഥികള്‍ തലപൊക്കിയിരുന്നു. ആരാണ് വോട്ട് കൂടുതല്‍ നേടിയതെന്നതും വിമതര്‍ എത്ര വോട്ടു പിടിച്ചുവെന്നതും രാജസ്ഥാനില്‍ നിര്‍ണായകമാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് അഞ്ച് സംസ്ഥാനകങ്ങളിലെ ഫലം ദിശാസൂചകമാകുമെയെന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്.