ആരാണ് ഭൂപേന്ദ്ര പട്ടേൽ? ബി.ജെ.പി അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര നൽകിയതിന് പിന്നിൽ?

 

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ അമ്പത്തിയൊൻപതുകാരനായ എംഎൽഎ ഭൂപേന്ദ്ര പട്ടേലിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

ആരാണ് ഭൂപേന്ദ്ര പട്ടേൽ?

യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തൻ എന്ന് പറയപ്പെടുന്ന ഭൂപേന്ദ്ര പട്ടേൽ ആദ്യമായാണ് എംഎൽഎ ആവുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഘട്ലോഡിയയിൽ നിന്നും കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെതിരെ 1 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് ഇദ്ദേഹം വിജയിച്ചത്.

അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെ (എയുഡിഎ) ചെയർമാനായിരുന്ന ഭൂപേന്ദ്ര പട്ടേൽ അംദാവാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) സ്റ്റാൻഡിംഗ് കമ്മിറ്റിക്കും നേതൃത്വം നൽകി.

ഗവൺമെന്റ് പോളിടെക്നിക് അഹമ്മദാബാദിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഭൂപേന്ദ്ര പട്ടേൽ 2017 ലെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശം പത്രികയിൽ തനിക്ക് 5 കോടിയിലധികം രൂപയുടെ ആസ്തി ഉള്ളതായി കാണിച്ചിരുന്നു.

അദ്ദേഹം പട്ടേൽ അഥവാ പട്ടീദാർ സമുദായത്തിൽ പെട്ടയാളാണ്, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേൽ വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരുന്നത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

വിജയ് രൂപാണിയുടെ രാജിയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥികളുടെ പട്ടികയിൽ ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു എന്നതിനാൽ തന്നെ അദ്ദേഹം പാർട്ടിയുടെ അപ്രതീക്ഷിത തീരുമാനമായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.