വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി കൂടെയുണ്ടായില്ല; സിനിമ താരം ഗൗതമി ബിജെപിയില്‍ നിന്ന് രാജി വച്ചു

പ്രശസ്ത സിനിമ താരം ഗൗതമി ബിജെപിയില്‍ നിന്ന് രാജി വച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി കൂടെയുണ്ടായില്ലെന്ന് ആരോപിച്ചാണ് ഗൗതമി ബിജെപി അംഗത്വം ഉപേക്ഷിച്ചത്. 25 വര്‍ഷമായി ബിജെപി അംഗമായിരുന്ന നടി തിങ്കളാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് പിന്തുണ ഉണ്ടായില്ലെന്നും തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചെന്നും ഗൗതമിയുടെ രാജിക്കത്തില്‍ സൂചിപ്പിക്കുന്നു.

ബില്‍ഡര്‍ അളകപ്പന് നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. ഇയാള്‍ താരത്തിന്റെ സ്വത്ത് തട്ടിയെടുത്തതായി നേരത്തെ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ആവശ്യങ്ങളെ തുടര്‍ന്ന് ഗൗതമി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. വില്‍പ്പനയ്ക്ക് സഹായിക്കാമെന്ന് അളകപ്പനും ഭാര്യയും വാഗ്ദാനം നല്‍കി. ഇരുവരെയും വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ താരത്തിന്റെ 25 കോടിയോളം രൂപയുടെ സ്വത്ത് അളകപ്പനും ഭാര്യയും തട്ടിയെടുത്തതായാണ് പരാതി.

അളകപ്പന്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഗൗതമി ആരോപിക്കുന്നു. 20 വര്‍ഷം മുന്‍പ് ചെറിയ മകളുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു താന്‍. അന്ന് രക്ഷകര്‍ത്താവിനെ പോലെ അളകപ്പന്‍ തന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. താന്‍ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറിയെന്നും ഗൗതമി പറയുന്നു.

Read more

തട്ടിപ്പ് മനസിലായത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയാവാന്‍ കാലതാമസം ഉണ്ടായേക്കുമെന്നും നടി പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തിലൊന്നും തന്നെ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് ഗൗതമിയുടെ പരാതി. കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം അളകപ്പനെ പിന്തുണച്ചാണ് സംസാരിച്ചിരുന്നത്. അതേ സമയം മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.