'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

എന്‍സിപി നേതാവ് അജിത് പവാറിന്റെ മരണത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവ് ശരത് പവാര്‍. അപകടത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ശരത് പവാര്‍ പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ അപകടമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അപകടത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപെടുന്നത്.

Read more

ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത് പവാർ. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു.