'മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയിൽ മാധ്യമങ്ങൾ ഭീഷണി നേരിടുന്നു'; കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഗുജറാത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ച രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളിലെയും നല്ല സംഭവവികാസങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മണിപ്പൂർ കലാപത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചില്ല. അക്രമം തടയുന്നതിനും മനുഷ്യാവകാശ സഹായങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന വൈകിയ നടപടികളെ പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍, ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘര്‍ഷം ബാധിക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ വിമര്‍ശിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൗരസമൂഹ സംഘടനകള്‍, സിഖ്, മുസ്‌ലിം തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവരെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രയോഗിച്ചതായുള്ള മാധ്യമ വാർത്തകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണ്. മാധ്യമ സ്ഥാപങ്ങളുടെയും മാധ്യമ പ്രവർത്തരുടേയും മേലുള്ള സർക്കാരിന്റെ കടന്നുകയറ്റം, ബിബിസി ഓഫിസിലെ ആദായ നികുതി പരിശോധന ചൂണ്ടിക്കാട്ടി യുഎസ് ആരോപിച്ചു.
ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അന്വേഷണം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും 2019 മുതല്‍ കുറഞ്ഞത് 35 മാധ്യമപ്രവര്‍ത്തകരെങ്കിലും ആക്രമണങ്ങള്‍, പോലീസിന്റെ ചോദ്യം ചെയ്യല്‍, റെയ്ഡുകള്‍, കെട്ടിച്ചമച്ച കേസുകള്‍ തുടങ്ങിയവ നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ച് ശക്തമായ നടപടികൾ ഉണ്ടായേക്കവുന്ന വിമർശനമാണ്‌ അമേരിക്ക നടത്തിയിരിക്കുന്നത്. അതേസമയം മണിപ്പൂർ കലാപത്തിനെതിരെ അന്വേഷണം നടത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സമയബന്ധിതമായ നടപടി സ്വീകരിക്കാനും ഐക്യരാഷ്ട്ര സഭ വിദഗ്ദര്‍ സെപ്റ്റംബര്‍ നാലിന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികൾ ഇടപെടരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.