ഫലം വരും മുമ്പ് എബിവിപിയെ കൊണ്ട് ജെഎന്‍യു തൂത്തുവാരിപ്പിച്ച 'ഗോദി' മീഡിയ; ജെഎന്‍യുവിലെ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ത്?

ജെഎൻയുവിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്താകമാനം പല തരത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഇടത് വിദ്യാർത്ഥി സംഘടനകൾ വിജയിച്ചപ്പോൾ വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ എബിവിപി നേടിയ മുൻതൂക്കം ഉയർത്തി കാണിക്കാനായിരുന്നു ചില ദേശീയ മാധ്യമങ്ങൾക്ക് തിടുക്കം. തിരഞ്ഞെടുപ്പ് ഫലം പൂർണമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തുടക്കത്തിൽ എബിവിപിക്ക് ലഭിച്ച ലീഡ് ദേശീയ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയായിരുന്നു. രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാന ക്യാംപസിൽ ഇടത് സഖ്യം നേടിയ വൻ വിജയം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

1996ന് ശേഷം ആദ്യമായി ഒരു ദളിത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി, യൂണിയന്‍ പ്രസിഡന്റാകുന്നുവെന്നതും ചർച്ച വിഷയമാണ്. ഐസ സ്ഥാനാര്‍ത്ഥിയായ ബിഹാറില്‍ നിന്നുള്ള ധനഞ്ജയ് ആണ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല് സെന്‍ട്രല്‍ സീറ്റുകളാണ് ഇടത് സഖ്യം പിടിച്ചെടുത്തത്. എഐഎസ്എ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ ഇടതു സംഘടനകളാണ് മുഴുവൻ സീറ്റുകളൂം തൂത്തു വാരിയത്.

നാല് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമാണ് പോളിങ്ങിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 73 ശതമാനം വോട്ടിങ്ങാണ് തിരഞ്ഞെടുപ്പിലുണ്ടായത്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്‌. തിരഞ്ഞെടുപ്പിലെ ഉയർന്ന വിദ്യർത്ഥി പങ്കാളിത്തമാണ് ഈ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ഇടത്- നക്സൽ കൂട്ടുകെട്ടിനെ ജെഎൻയുവിൽ എബിവിപി ദഹിപ്പിച്ചു കളഞ്ഞു എന്ന തരത്തിലായിരുന്നു ചില ഹിന്ദി- ഇംഗ്ലീഷ് ന്യൂസ് ടെലിവിഷൻ ചാനലുകളുടെ സ്ക്രോളുകളും ഹെഡ് ലൈനുകളും. ഫലം പൂർണമായി വന്ന് വൻ ഭൂരിപക്ഷത്തിൽ ഇടത് കൂട്ടുക്കെട്ട് വിജയിച്ചപ്പോഴും വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ എബിവിപി നേടിയ മുൻതൂക്കം വൻ രീതിയിൽ ആഘോഷിച്ച മാധ്യമങ്ങൾ ഇത് തിരുത്താൻ തയാറായില്ല.

അട്ടിമറി വിജയം നേടാൻ ശക്തമായ പ്രവർത്തനങ്ങളാണ് എബിവിപി നടത്തിയിരുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെയും പിന്തുണയുള്ള എബിവിപിയ്ക്ക് രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാന ക്യാംപസിൽ ഭരണം ഉറപ്പിക്കാനായി ഭരണകൂടത്തിൻ്റെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. കോടതി തന്നെ റദ്ദാക്കിയ കേസിൻ്റെ സാങ്കേതികതയുടെ പേരിൽ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയെ അയോഗ്യയാക്കുന്നത് മുതൽ പ്രചാരണം തടസ്സപ്പെടുത്തുന്ന സ്ഥിരം പരിപാടി വരെ എബിവിപി ഈ തിരഞ്ഞെടുപ്പിൽ നടത്തിയിരുന്നു. എന്നിട്ടും ഇടത് സഖ്യത്തിന്റെ മുൻപിൽ അതെല്ലാം തകർന്നടിയുകയായിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാർത്ഥി സ്വാതി സിംഗിനെ അവസാന നിമിഷം അയോഗ്യയാക്കിയതിനെ തുടർന്ന് ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷന്റെ സ്ഥാനാർത്ഥിക്ക് ഇടത് പക്ഷം പിന്തുണ നൽകി. ഇടതുപക്ഷം പിന്തുണച്ച ബിഎപിഎസ്എ സ്ഥാനാർത്ഥി പ്രിയാംശിക്കാണ് പാനലിൽ ഏറ്റവും വോട്ടു കിട്ടിയത്. പിന്തുണ നൽകിയ രീതിയെ ചൊല്ലി പോലും അവസാന നിമിഷം വരെ ഇടതുപക്ഷവും ബിഎപിഎസ്എയും തമ്മിൽ പരസ്യമായ വാക്പോരുണ്ടായിരുന്നു. എന്നിട്ടും ഫാസിസ്റ്റ് സ്ഥാനാർത്ഥിയ്ക്കെതിരായി വിദ്യാർത്ഥികൾ ഒന്നടങ്കം വോട്ട് ചെയ്തു.

Read more

രാജ്യത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും വിദ്യർത്ഥികൾ ഒന്നടങ്കം ഫാസിസ്റ്റുകൾക്കെതിരെ വോട്ടു ചെയ്തുവെന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. ഫാസിസ്റ്റുകൾക്കെതിരെ വിഘടിച്ചു നിൽക്കാതെ ഒന്നിച്ച് നില്ക്കാൻ വിദ്യാർത്ഥികൾ പോലും ശ്രമിക്കുമ്പോൾ അത് അംഗീകരിക്കാൻ തയാറാവാത്തതാണ് പല ദേശീയ മാധ്യമങ്ങളുടെയും ഇന്നത്തെ നിലപാട്. ഭരണ പക്ഷത്തിനെതിരെയുള്ള വസ്തുതകൾ പോലും മറച്ചു പിടിക്കാനാണ് മാധ്യമങ്ങൾ താൽപര്യപ്പെടുന്നത്. രാജ്യത്ത് ഇന്ന് കണ്ടു വരുന്ന ഈ മാറ്റങ്ങൾക്കെതിരെയുള്ളതാണ് ജെഎൻയുവിലെ ഓരോ വിദ്യാര്ഥിയുടെയും വോട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമോ എന്നതിനേക്കാൾ, യുവതലമുറ ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നുവെന്നുള്ളത് ഒരു ശുഭ സൂചന തന്നെയാണ്.