'വെനസ്വേലയിലെ ജനതക്കൊപ്പം, നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണം'; നിലപാടറിയിച്ച് ഇന്ത്യ

അമേരിക്ക വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിന് പിന്നാലെ നിലപാടറിയിച്ച് ഇന്ത്യ. വെനസ്വേലയിലെ ജനതക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച ഇന്ത്യ നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണ ആവശ്യപ്പെട്ടു. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.

Read more