‘ഓപ്പറേഷൻ സർക്കാർ ചോരി’യിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി കിരൺ റിജുജു. ഇതാണോ ആറ്റംബോംബ്? എന്ന് ചോദിച്ച മന്ത്രി തുടർച്ചയായ പരാജയങ്ങളിൽ നിന്നും രാഹുൽ പാഠം പഠിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തി. എന്നിട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു. പരാജയം അംഗീകരിക്കാൻ പഠിക്കണമെന്നും കിരൺ റിജുജു പറഞ്ഞു.
‘പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണ്. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്’ -കിരണ്‍ റിജിജു പറഞ്ഞു
പോളിങ് ബൂത്തിൽ ഏജൻ്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും. ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്. കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്. രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.







