നീണ്ടനാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും . അടുത്ത കാലത്ത് രാജ്യന്തര തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉല്‍പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ തീരുവ ഇളവ് നല്‍കും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഇളവ് അനുവദിക്കും. ഡല്‍ഹിയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ സാന്റോസ് ഡി കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോണ്‍ ഡെര്‍ ലെയിന്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത ചരിത്രനിമിഷമായിരുന്നു. രണ്ട് പ്രധാന ജനാധിപത്യ ശക്തികള്‍ അവരുടെ ബന്ധത്തില്‍ നിര്‍ണായക അധ്യായം കൂട്ടിച്ചേര്‍ക്കുന്ന മറ്റൊരു നിമിഷമാണ് ഇന്നെന്നും സ്വതന്ത്ര വ്യാപാരക്കരാറിനെ ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമര്‍ശം.
ഇന്ത്യ- ഇയു കരാര്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 6.4 ലക്ഷം കോടി രൂപയുടെ കയറ്റുമതി നേട്ടമുണ്ടാകുമെന്ന് പ്രാഥമിക കണക്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അവരുടെ ബന്ധങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങള്‍, സാമ്പത്തിക സമന്വയം, ജനങ്ങളോടുള്ള ബന്ധം എന്നിവയില്‍ അധിഷ്ഠിതമായി ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണ്. ഇരു കക്ഷികള്‍ക്കുമിടയിലുള്ള വ്യാപാരം 180 ബില്യണ്‍ യൂറോ ആണെന്നും മോദി പറഞ്ഞു.
കരാര്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും പുതിയ നവീകരണ പങ്കാളിത്തങ്ങള്‍ രൂപവത്കരിക്കുകയും ആഗോള തലത്തില്‍ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ലോകക്രമത്തില്‍ വലിയ തോതിലുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും നല്‍കും. യുക്രൈന്‍, പശ്ചിമേഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവയുള്‍പ്പെടെ വിവിധ ആഗോള വിഷയങ്ങളെക്കുറിച്ച് ഇന്ന് വിശദമായി ചര്‍ച്ച നടത്തി. ബഹുരാഷ്ട്ര വാദത്തോടുള്ള ആദരവും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതും ഞങ്ങളുടെ സംയുക്ത മുന്‍ഗണനയാണെന്നും മോദി പറഞ്ഞു.
Read more
കരാര്‍ തുടക്കം മാത്രമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍. യൂറോപും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്നും മദര്‍ ഓഫ് ഓള്‍ ഡീല്‍സില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും അവര്‍ പറഞ്ഞു. ഇരുവിഭാഗത്തിനും ഗുണമുണ്ടാകുന്ന തരത്തില്‍ 200 കോടി ജനങ്ങളുടെ ഫ്രീ ട്രേഡ് സോണാണ് നിലവില്‍ വരുന്നത്. ഇതൊരു തുടക്കം മാത്രമാണ്. തന്ത്രപരമായ ബന്ധം ഇനിയും ശക്തമാകുമെന്നും അവര്‍ പറഞ്ഞു.







