സിന്ധു നദീജല കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ ഭീഷണിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രാലയം. ഞങ്ങള്‍ക്ക് ഒന്നിലും ഭയമില്ലെന്നും സിന്ധു നദിയിലെ വെള്ളം എവിടെയും പോകില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ തിരിച്ചടിച്ചു. സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിലുള്ള ഇന്ത്യയുടെ കര്‍ശന നിലപാട് കേന്ദ്ര ജലശക്തി മന്ത്രി സിആര്‍ പാട്ടീല്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഈ നീക്കം രാജ്യത്തിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ളതാണെന്നും പാകിസ്ഥാന്റേത് പൊള്ളയായ ഭീഷണികളാണെന്നും സി ആര്‍ പാട്ടീല്‍ പറഞ്ഞു. ബിലാവല്‍ ഭീട്ടോ പറയുന്നത് സ്വന്തം അഭിപ്രായമാണ് ഞങ്ങള്‍ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
‘അയാള്‍ രക്തവും വെള്ളവും ഒഴുകുന്നതിനെക്കുറിച്ചും സംസാരിച്ചു, എന്നാല്‍ അത്തരം പൊള്ളയായ ഭീഷണികളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഈ തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന്റെയാണ്. എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തിന് മാത്രമേ പ്രയോജനകരമാകൂ.’
സിന്ധു നദീജല കരാറനുസരിച്ച് വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് രണ്ട് വഴികളുണ്ട്, ഒന്നുകില്‍ വെള്ളം തുല്യമായി പങ്കിടുക, അല്ലെങ്കില്‍ ഞങ്ങള്‍ ആറ് നദികളില്‍നിന്നും അതെടുക്കും എന്നായിരുന്നു പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന. ആറ് നദികളും പിടിച്ചെടുക്കുമെന്ന് വരെ ബിലാവല്‍ ഭൂട്ടോ ഭീഷണിപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇനിയൊരിക്കലും സിന്ധുനദീതട കരാര്‍ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന പ്രസ്താവനയെ തുടര്‍ന്നായികുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധുനദീജല കരാര്‍ ഇന്ത്യ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും നിബന്ധനകള്‍ ലംഘിച്ച പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും പറഞ്ഞിരുന്നു. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. അന്യായമായി ലഭിക്കുന്ന വെള്ളത്തിന്റെ അഭാവം പാകിസ്ഥാനെ വലയ്ക്കും. അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ ഇറങ്ങിയത്.
Read more
സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്ഥാന് നല്‍കിയിരുന്ന വെള്ളം രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നീ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.