തെരുവ് നായ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടവേ വീണ് പരിക്കേറ്റ വാഗ് ബക്രി തേയില കമ്പനി ഉടമക്ക് ദാരുണാന്ത്യം

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഗ് ബക്രി ടീ ഗ്രൂപ്പ് ഡയറക്ടര്‍ പരാഗ് ദേശായി (49) അന്തരിച്ചു. ഒക്ടോബർ 15 ന് തന്റെ വസതിക്ക് പുറത്തുവെച്ചായിരുന്നു പരാഗ് ദേശായിയെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച അദ്ദേഹം മരിച്ചു.

അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുള്ള സെക്യൂരിറ്റി ഗാർഡ് സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും തുടർന്ന് ഷെൽബി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം, ദേശായിയെ ശസ്ത്രക്രിയയ്ക്കായി സൈഡസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

മരണ വിവരം കമ്പനി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘നമുക്ക് ഏറ്റവും പ്രിയപ്പെട്ട പരാഗ് ദേശായിയുടെ മരണം വ്യസനസമേതം അറിയിക്കുന്നു’- കമ്പനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രസേഷ് ദേശായിയുടെ മകനാണ് പരാഗ് ദേശായി. 30 വര്‍ഷത്തിലധികം വ്യാവസായിക പരിചയമുള്ള ദേശായി, ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയ്‌ക്ക് നേതൃത്വം നൽകി വരികയായിരുന്നു.