വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം; 'കേരളത്തിലെ ജനങ്ങള്‍ക്കായി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച നേതാവ്'; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാന്ദന് നൂറാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. വിഎസ് അച്യുതാനന്ദനൊപ്പം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന ചിത്രവും മോദി എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

നൂറാം ജന്മദിനം ആഘോഷിക്കുന്ന കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഈ വിശേഷാവസരത്തില്‍ ആശംസ നേരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കായി അദ്ദേഹം പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചു. ഈ അവസരത്തില്‍ മുന്‍പ് അദ്ദേഹവുമായി നടത്തിയ സംഭാഷണം ഓര്‍ക്കുന്നു. അന്ന് തങ്ങള്‍ രണ്ട് പേരും തങ്ങളുടെ ജന്മനാടുകളിലെ മുഖ്യമന്ത്രിമാരായിരുന്നു. കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസിന് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. മുഖ്യമന്ത്രി നേരിട്ടെത്തി വിഎസ് അച്യുതാനന്ദന് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. വൈകുന്നേരം തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലെ വിഎസിന്റെ വീട്ടിലെത്തിയാണ് ആശംസകള്‍ അറിയിച്ചത്.