യു.പിയിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; എല്ലാ കണ്ണുകളും വാരണാസിയിലേക്ക്

ഉത്തര്‍പ്രദേശില്‍ 54 നിയോജക മണ്ഡലങ്ങളിലായി നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഒമ്പതു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയും അഖിലേഷ് യാദവിന്റെ അസംഗഡും ഇതില്‍ ഉള്‍പ്പെടുന്നു. വാരണാസിയിലെ എട്ട് അസംബ്ലി സീറ്റുകള്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലും അവസാന ഘട്ടത്തിലും ഇന്ന് ശ്രദ്ധാകേന്ദ്രമാകും,

ഏഴാം ഘട്ട വോട്ടെടുപ്പോടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും. രണ്ട് കോടി ആറു ലക്ഷം വോട്ടര്‍മാരാണ് ഏഴാം ഘട്ടത്തില്‍ വോട്ട് ചെയ്യുന്നത്. 613 സ്ഥാനാര്‍ഥികളാണ് ഏഴാം ഘട്ടത്തില്‍ മത്സരിക്കുന്നത്.

ബി.ജെ.പിക്ക് വലിയതരത്തില്‍ ആശങ്കയുള്ള സംസ്ഥാനമാണ് യു.പി. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പോയ നേതാക്കള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്. പ്രചാരണ സമയത്ത് ബി.ജെ.പിയുടെ ദേശീയനേതാക്കള്‍ യു.പിയില്‍ ക്യാംപ് ചെയ്തിരുന്നു. നരേന്ദ്രമോദിയും വാരാണസിയില്‍ ക്യാമ്പ് ചെയ്തിരുന്നു.

കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവിന് വേണ്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രചാരണത്തിനിറങ്ങിയിരുന്നു.