കാല് തിരുമ്മി സഹതടവുകാരന്‍, തീഹാര്‍ ജയിലില്‍ എ.എ.പി മന്ത്രിക്ക് വി.ഐ.പി പരിഗണന; വീഡിയോ പുറത്തുവിട്ട് ബി.ജെ.പി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ വിഐപി പരിഗണന. ഈ ആരോപണം വെളിവാക്കുന്ന വീഡിയോ ബിജെപി പുറത്തുവിട്ടു. സഹതടവുകാരന്‍ ജെയിന്റെ കാലും നടുവും തലയും തിരുമ്മുന്ന വീഡിയോയാണ് പുറത്തുവന്നത്.

ജെയിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയെന്ന പേരില്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ ചികില്‍സയുടെ ഭാഗമായാണ് ജയിലിലെ തിരുമ്മലെന്ന് എഎപി പ്രതികരിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജയിലില്‍ ജെയിന് ആഡംബര ജീവിതം ആയിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി എഎപി സര്‍ക്കാരില്‍ ജയില്‍ വകുപ്പും കൈകാര്യം ചെയ്തിരുന്നത് ജയിന്‍ ആയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ ജയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്ത് വന്നത് പഴയ വീഡിയോ ആണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറയുന്നു.