പെരുമാറ്റച്ചട്ട ലംഘനം: കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

പഞ്ചാബ് തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിനും മറ്റ് പാര്‍ട്ടികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനും ആം ആദ്മി പാര്‍ട്ടി (എ.എ.പി) കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കുമെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. കെജ്രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചാബ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് നിര്‍ദ്ദേശിച്ചത്.

അകാലിദള്‍ ഉപാധ്യക്ഷന്‍ അര്‍ഷ്ദീപ് സിംങിന്റെ പരാതിയിന്മേലാണ് നടപടി. സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് പാര്‍ട്ടികള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് ആരോപണം. ശിരോമണി അകാലിദളിന്റേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിച്ഛായ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് വീഡിയോ എന്നാണ് അര്‍ഷ്ദീപ് സിങ് പരാതിപ്പെട്ടത്.

പഞ്ചാബില്‍ മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയാണ്. ഒരു പാര്‍ട്ടിക്കും ഇന്റര്‍നെറ്റിലൂടെ ഒരു പ്രത്യേക നേതാവിനെ ലക്ഷ്യമിട്ട് ആക്ഷേപകരമായ വീഡിയോകള്‍ ഇടാന്‍ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനെതിരെ ശിക്ഷാ നടപടി ആവശ്യപ്പെട്ട് എഎപിയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രചാരണ കാലയളവ് അവസാനിച്ചതിന് ശേഷം സുഖ്ബീര്‍ ബാദല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്റെ വോട്ട് അഭ്യര്‍ത്ഥന അടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു എഎപി പരാതി. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചന്നി മാനസയിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കുകയും, പ്രചാരണം അവസാനിച്ചതിന് ശേഷവും ഇന്നലെ വൈകിട്ട് വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

പഞ്ചാബില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.