ഡിംഎംകെയെ വീഴ്ത്താന്‍ വടക്കന്‍ ചെന്നൈയിലെ പേരമ്പൂരില്‍ പോരാടാനുറച്ച് വിജയ്?; പ്രമേയം പാസാക്കി ടിവികെ

തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ചെന്നൈയിലെ പേരമ്പൂരില്‍ മത്സരിച്ചേക്കും. മുതിര്‍ന്ന നേതാക്കള്‍ ആയ ബുസി ആനന്ദ്, സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന എന്നിവര്‍ പങ്കെടുത്ത ടിവികെ യോഗം, വിജയ് പെരമ്പൂരില്‍ മത്സരിക്കണമെന്ന പ്രമേയം പാസാക്കി. പേരമ്പൂരില്‍ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളില്‍ പ്രമുഖനായ ആദവ് അര്‍ജുനയാണ് പ്രമേയം അവതരിപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സെക്രട്ടറിയാണ് ആദവ് അര്‍ജുന.

പേരമ്പൂരില്‍ വിജയിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമാണെന്ന് ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അര്‍ജുന കൊണ്ടുവന്ന പ്രമേയം തങ്ങള്‍ സ്വീകരിച്ചു. ഇക്കാര്യം വിജയിയോട് അഭ്യര്‍ഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു. 2021ല്‍ ഡിഎംകെ 54,976 വോട്ടിന് ജയിച്ച മണ്ഡലമാണ് പേരമ്പൂര്‍. വടക്കന്‍ ചെന്നൈയിലെ ഒരു മണ്ഡലമാണ് വിജയ് യുടെ മനസ്സിലെന്ന് ആധവ് പറഞ്ഞപ്പോള്‍, പെരമ്പൂരില്‍ ടിവികെയ്ക്ക് 40,000 പ്രവര്‍ത്തകരുണ്ടെന്ന് ആനന്ദ് അവകാശപ്പെട്ടു. കഴിഞ്ഞ 2 തവണയും അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂര്‍. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.

Read more

സാമ്പത്തികമായി ഒരുപാട് ജനങ്ങള്‍ പിന്നാക്കം നില്‍ക്കുന്ന മണ്ഡലമാണ് പേരമ്പൂരെന്നും ഡിഎംകെയുടെ കോട്ട ആയതിനാല്‍ തന്നെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാന്‍ തന്നെയാണ് വിജയ് ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. വടക്കന്‍ ചെന്നൈയിലെ മിക്ക മണ്ഡലങ്ങളും ഈ ഗണത്തില്‍ വരുന്നതാണ് എന്നാണ് ആദവ് അര്‍ജുന പറയുന്നത്. പേരമ്പൂര്‍, കൊളത്തൂര്‍, ആര്‍കെ നഗര്‍ തുടങ്ങി ആറ് മണ്ഡലങ്ങളാണ് വടക്കന്‍ ചെന്നൈയിലുള്ളത്. ടിവികെ പ്രമേയം വിജയ് അംഗീകരിക്കുമോ എന്നത് നിര്‍ണായകമാണ്.