ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാ പ്രവർത്തനം പതിനൊന്നാം ദിവസവും തുടരുന്നു; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വീഡിയോ പുറത്തുവന്നു

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം 11ആം ദിവസവും തുടരുന്നു. തുരങ്കത്തിന്‍റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഡ്രില്ലിംഗ് പുരോഗമിക്കുകയാണ്. ഗുഹാ മുഖങ്ങളിൽ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

തുരങ്കത്തിൻ്റെ ഇരുവശങ്ങളിലും ഓഗർ മെഷീൻ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവർത്തകർ. തുരങ്കത്തിൻ്റെ മുകളിൽ നിന്നുള്ള രക്ഷാ പാത ഒരുക്കുന്ന പ്രവർത്തികളും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതൽ ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം തുരങ്ക നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ഉയർത്തി കോൺഗ്രസ് രംഗത്തുവന്നു. അപകടം ഉണ്ടാകുമ്പോൾ രക്ഷപ്പെടാനുള്ള മാർഗം ഒരുക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു എന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‍വി ഇന്നലെ ആരോപിച്ചു. ആരോപണങ്ങൾക്കപ്പുറം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇപ്പൊൾ ശ്രമിക്കുന്നത് എന്നും അഭിഷേക് മനു സിംഗ്‍വി വ്യക്തമാക്കി.

ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ 12ന് രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.