ഇന്ത്യയ്ക്ക് നേരെ അധിക പകരം തീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്ക ഇന്ത്യയ്ക്ക് മേൽ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്‌മെയിലിങ്ങാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും രാഹുൽ എക്‌സിൽ കുറിച്ചു.
അതേസമയം, അമേരിക്ക ഇന്ത്യയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പുതിയ വ്യാപാര പങ്കാളികളെ ഇന്ത്യ കണ്ടത്തേണ്ടതുണ്ടെന്നും ശശി തരൂർ എംപി വ്യക്തമാക്കി. ‘യുറേനിയം, പല്ലേഡിയം, എന്നിവ അമേരിക്ക റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനക്കാർ നമ്മളേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് പക്ഷെ ചൈനക്കാർക്ക് 90 ദിവസത്തെ ഇടവേള അവർ നൽകിയിട്ടുണ്ട്. അമേരിക്ക നമ്മുടെ രാജ്യത്തോട് നല്ല സൗഹൃദം പുലർത്തുന്നവരാണെന്നാണ് കരുതിയത്. എന്നാൽ അവർ ചെയ്തത് സൗഹൃദപരമായ പ്രവൃത്തിയല്ല. ഈ അനുഭവത്തിൽ നിന്ന് നമ്മൾ പാഠം പഠിക്കേണ്ടതുണ്ടെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.
Read more
ഇന്ത്യൻ സർക്കാർ നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവിൽ അറിയിച്ചു. 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു.







