പൂജ ഖേദ്കറിൻ്റെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി; സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്ക്

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി. സിവിൽ സർവീസ് പരീക്ഷ പാസാകാൻ തിരിച്ചറിയൽ രേഖകളിൽ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പൂജയ്ക്കെതിരായ നടപടി. സിവിൽ സർവീസ് പരീക്ഷയെഴുതുന്നതിൽ നിന്നും പൂജയ്ക്ക് ആജീവനാന്ത വിലക്കും യുപിഎസ്‌സി ഏർപ്പെടുത്തി.

സിവിൽ സർവീസ് പരീക്ഷയുടെ ചട്ടങ്ങൾ പൂജ ലംഘിച്ചതായി തെളിഞ്ഞുവെന്ന് യുപിഎസ്‌സി പ്രസ്‌താവനയിൽ അറിയിച്ചു. പൂജയ്ക്കെതിരായി പരാതി ലഭിച്ചതിനെ തുടർന്ന് യുപിഎസ്‌സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൻമേൽ മറുപടി ജൂലൈ 25നകം വിശദീകരണം നൽകണമെന്നായിരുന്നു പൂജയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമയം ഓഗസ്‌റ്റ് നാല് വരെ നീട്ടി നൽകണമെന്ന് പൂജ അഭ്യർഥിച്ചു. ഇതേത്തുടർന്ന് ജൂലൈ 30 വരെ യുപിഎസ്‌സി സമയം അനുവദിക്കുകയും ഇതിൽ കൂടുതൽ സമയം നൽകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പൂജയുടേതായി കൈവശമുള്ള രേഖകൾ യുപിഎസ്‌സി വിശദമായി പരിശോധിച്ചു. തുടർന്ന് ഇവർ 2022 ലെ സിഎസ്ഇ ചട്ടങ്ങൾ ലംഘിച്ചതായി തെളിഞ്ഞതോടെയാണ് നടപടി. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. അതിനിടെ 2020, 2023 വർഷങ്ങളിലെ പൂജയുടെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അപേക്ഷാ ഫോമിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പൂജയുടെ പേരിലും വയസിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

2009 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ സിവിൽ സർവീസ് പരീക്ഷ പാസായ 15000ത്തിലേറെ പേരുടെ വിവരങ്ങളാണ് പൂജ ഖേദ്‌കറിൻ്റെ വിവാദത്തിന് പിന്നാലെ യുപിഎസ്‌സി പരിശോധിച്ചത്. മറ്റൊരാളും കൃത്രിമം കാട്ടി അനുവദിച്ചതിലുമധികം തവണ പരീക്ഷയെഴുതുകയോ മറ്റ് ക്രമക്കേടുകൾ നടത്തുകയോ ചെയ്‌തിട്ടില്ലെന്നും പാനൽ കണ്ടെത്തി. സ്വന്തം പേരിന് പുറമെ മാതാപിതാക്കളുടെ പേരും പൂജ വ്യത്യസ്തമായാണ് നൽകിയിരുന്നതെന്നതിനാൽ പൂജ എത്ര തവണ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് യുപിഎസ്‌സിക്കും സ്‌ഥിരീകരിക്കാനായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിൽ പൂജയ്ക്കെതിരെ പുണെ കലക്ടറായിരുന്ന സുഹാസ് ദിവാനെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ക്രമക്കേടുകൾ പുറത്തറിയുന്നത്. ഐഎഎസ് ട്രെയിനി മാത്രമായ പൂജ, പരിശീലന കാലയളവിൽ തന്നെ കാറും സ്‌റ്റാഫും ഓഫിസും ആവശ്യപ്പെട്ടതും കലക്ട്രേറ്റിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതുമായിരുന്നു പരാതിക്ക് അടിസ്ഥാനം.

സംവരണം ലഭിക്കാനും പൂജ കൃത്രിമം കാട്ടിയെന്ന് ആരോപണം ഉയർന്നിരുന്നു. നോൺ ക്രീമിലെയർ വിഭാഗത്തിലാണെന്ന് കാണിക്കുന്ന രേഖകളാണ് പൂജ സമർപ്പിച്ചിരുന്നത്. എന്നാൽ മഹാരാഷ്ട്ര സർക്കാർ ജീവനക്കാരനായി വിരമിച്ച പൂജയുടെ പിതാവിന് 40 കോടിയോളം രൂപയുടെ സ്വത്തുള്ളപ്പോൾ ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു പരാതിക്കാരുടെ ചോദ്യം. ഇതിനും പുറമെ വൈകല്യമുണ്ടെന്ന വ്യാജ അവകാശവാദവും പൂജ ഉന്നയിക്കുകയും ഇതിന്റെ ഇളവ് നേടുകയും ചെയ്തു‌തു.

Read more

ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെ പൂജയുടെ അമ്മ മനോരമ ഖേദ്കറെ പൊലീസ് അറസ്‌റ്റ് ചെയ്തു. പിതാവ് ദിലീപ് ഖേദ്കർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.