ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി ഡൽഹി ആശുപത്രിയിൽ വെച്ച് മരിച്ചു

രണ്ടാഴ്ച മുമ്പ് നാല് പുരുഷന്മാരാൽ കൂട്ട ബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയായ ഉത്തർപ്രദേശിലെ ഹാത്രാസിൽ നിന്നുള്ള 20- കാരി ഇന്ന് രാവിലെ ഡൽഹി ആശുപത്രിയിൽ വെച്ച് മരിച്ചു. ശരീരത്തിൽ ഒന്നിലധികം ഒടിവുകളോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഭീകരമായ ആക്രമണത്തിൽ യുവതിയുടെ നാവ് അറ്റുപോയിരുന്നു.

ഇന്നലെ ഡൽഹിയിലേക്ക് മാറ്റുന്നതു വരെ ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിൽ ഐസിയുവിലായിരുന്നു.

കുറ്റവാളികളായ നാലുപേരും ജയിലിലാണ്. ഇവർക്കെതിരെ ഇനി കൊലപാതകക്കുറ്റവും ചുമത്തും. യുവതി ദളിത് വിഭാഗത്തിൽ പെട്ടയാളാണ്. അക്രമികൾ ഉയർന്ന ജാതിയിൽ പെട്ടവരും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉണ്ടായ വർദ്ധനയും മരിച്ച യുവതിയുടെ പരിക്കുകളുടെ വിശദാംശങ്ങളും രാജ്യവ്യാപകമായി ഞെട്ടലിനും കോപത്തിനും ഇടയാക്കിയിട്ടുണ്ട്. നട്ടെല്ല് ഒടിഞ്ഞ യുവതിയുടെ ശരീരം തളർന്നിരുന്നു ശ്വസിക്കാൻ യുവതി പാടുപെടുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

ആക്രമണകാരികൾ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കവേ യുവതി നാവ് കടിച്ച്‌ അറ്റുപോയതാണെന്ന് ഏരിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ക്രൂരമായ ആക്രമണത്തെ സോഷ്യൽ മീഡിയയിൽ പലരും 2012 നിർഭയ കൂട്ടബലാത്സംഗവുമായി താരതമ്യപ്പെടുത്തി.

സംഭവം വളരെ ദുഃഖകരമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നാണ് പരാതി. അന്വേഷണം ഉടൻ ആരംഭിക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കർശന നടപടിയെടുക്കുമെന്നും നിയമം നടപ്പാക്കുമെന്നും യു.പി മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഉത്തർപ്രദേശ് പൊലീസ് തുടക്കത്തിൽ സഹായിച്ചില്ലെന്നും പൊതുജനത്തിന്റെ പ്രകോപനത്തെ തുടർന്ന് മാത്രമാണ് പ്രതികരിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

സെപ്റ്റംബർ 14- ന് ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹാത്രാസിലെ ഗ്രാമത്തിലാണ് യുവതിയെ ആക്രമിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം വയലിൽ പുല്ല് പറിച്ചു കൊണ്ടിരുന്ന ഇടത്തിൽ നിന്ന് യുവതിയെ ദുപ്പട്ട കഴുത്തിൽ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.