നിതി ആയോഗ് ആരോഗ്യ സൂചികയിൽ വർദ്ധിച്ചു വരുന്ന മാറ്റത്തിന്റെ കാര്യത്തിൽ യു.പി മുന്നിൽ

രാജ്യത്തെ  വലിയ സംസ്ഥാനങ്ങളിൽ ആരോഗ്യരംഗത്ത് വർദ്ധിച്ചു വരുന്ന മാറ്റത്തിന്റെ (Incremental Change) കാര്യത്തിൽ ഉത്തർപ്രദേശ് മികച്ച പ്രകടനം കാഴ്ചവെച്ചതായി നിതി ആയോഗ് ആരോഗ്യ സൂചിക. നിതി ആയോഗ് പുറത്തിറക്കിയ നാലാമത്തെ ആരോഗ്യ സൂചിക പ്രകാരം ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മിസോറാം വർദ്ധിച്ചു വരുന്ന മാറ്റത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് 2019-20 കാലഘട്ടം (റഫറൻസ് വർഷമായി) പരിഗണിച്ചു. “ഇൻക്രിമെന്റൽ പ്രകടനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്. അടിസ്ഥാന വർഷം (2018-19) മുതൽ റഫറൻസ് വർഷം (2019-20) വരെ ഏറ്റവും ഉയർന്ന ഇൻക്രിമെന്റൽ മാറ്റമാണ് യു.പിയിൽ രേഖപ്പെടുത്തിയത്,” നിതി ആയോഗ് റിപ്പോർട്ടിൽ പറഞ്ഞു.

അടിസ്ഥാന വർഷം (2018-19) മുതൽ റഫറൻസ് വർഷം (2019-20) വരെ 43 സൂചകങ്ങളിൽ/ഉപസൂചകങ്ങളിൽ 33 എണ്ണത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ഉത്തർപ്രദേശ് മുന്നിലാണ്.

“മറുവശത്ത്, കേരളം 19 സൂചകങ്ങളിൽ മാത്രമാണ് പുരോഗതി കാണിച്ചത്, കൂടാതെ പൂർണ്ണമായി നേടിയ വിഭാഗത്തിൽ മൂന്ന് സൂചകങ്ങൾ കൂടിയുണ്ട്,” റിപ്പോർട്ട് പറയുന്നു.

മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തിൽ കേരളത്തിനായിരുന്നു മുൻ‌തൂക്കം, എന്നാൽ കേരളത്തിന്റെ പ്രകടനം മോശമാവുകയോ നിശ്ചലമാകുകയോ ചെയ്ത പകുതിയോളം സൂചകങ്ങളും ഉപസൂചകങ്ങളും ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

റിപ്പോർട്ട് അനുസരിച്ച്, വലിയ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, അസം, തെലങ്കാന എന്നിവയും ചെറിയ സംസ്ഥാനങ്ങളിൽ മിസോറം, മേഘാലയ എന്നിവയും കേന്ദ്ര ഭാരണ പ്രാദേശങ്ങളിൽ ഡൽഹിയും ജമ്മു കശ്മീരും പരമാവധി വാർഷിക ഇൻക്രിമെന്റൽ പ്രകടനം കാഴ്ചവെച്ചു.

Read more

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി (MoHFW) സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.