ഉന്നാവോ അപകടത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാരിന്റെ ശിപാര്‍ശ

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.

സംഭവത്തില്‍ ബി.ജെ.പി, എം.എല്‍.എ. കുല്‍ദീപ് സിംഗ് സേംഗര്‍ക്കെതിരെ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തു പേര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ കഴിയുന്ന മഹേഷ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കാണു കേസ്. പേരു വെളിപ്പെടുത്താത്ത 15 മുതല്‍ 20 വരെ പേരെയും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. 2017-ല്‍ ജോലി അന്വേഷിച്ചെത്തിയ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിംഗിനെ 2018 ഏപ്രില്‍ 13-ന് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമസ്ഥനെയും ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത ചായം കൊണ്ടു മായിച്ച നിലയിലായിരുന്നു. പിന്നീട് പൊലീസ് നമ്പര്‍ വീണ്ടെടുത്തു. ഫത്തേപുര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത യു.പി. 71 എ.ടി. 8300 എന്ന വാഹനമാണിതെന്ന് ലഖ്നൗ മേഖലാ എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു.

Read more

ഞായറാഴ്ചയാണ് കുല്‍ദീപ് സിംഗ് പ്രതിയായ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍ വെച്ച് അതിവേഗത്തില്‍ വന്ന ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ മരിക്കുകയും ചെയ്തു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ സാക്ഷിയായിരുന്നു.