യു.പി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 9 ജില്ലകളിലെ 55 സീറ്റുകളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണത്തിന് അവസാനത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ ഇന്നത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ളവര്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും.

കനൗജില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഖിലേഷ് യാദവ് ബറേലിയല്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും മായാവതിയും വിവിധ ഇടങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

അതേ സമയം ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. 14നാണ് തിരഞ്ഞെടുപ്പ്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണം അവസാനിക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.