ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്: ഇന്ന് വിധിയെഴുതുന്നത് 61 നിയമസഭാ മണ്ഡലങ്ങള്‍, അയോദ്ധ്യ ഉള്‍പ്പെടെ പോളിംഗ് ബൂത്തിലേക്ക്

 

യുപി് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 ജില്ലകളിലായി 61 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 692 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരരംഗത്ത് ഉള്ളത്. 2.24 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തേണ്ടത്. അയോധ്യയുള്‍പ്പെടെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയം നേരിട്ട അമേഠിയിലെ നിയമസഭ മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും. കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍.

യുപിയിലെ 403 മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 231 മണ്ഡലങ്ങളില്‍ ഇതിനോടകം വോട്ടെടുപ്പ് പുര്‍ത്തിയായി. അവസാന രണ്ടുഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 3, 7 തീയതികളില്‍ നടക്കും.