യു.പി മന്ത്രിസഭ വിപുലീകരണം; മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ മന്ത്രിസഭ വിപുലീകരിച്ചതിനെത്തുടർന്ന് മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെ ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ സാന്നിധ്യത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി നേതാക്കളായ പൽതു റാം, ഛത്രപാൽ ഗംഗ്വാർ, സംഗീത ബൽവന്ത് ബിന്ദ്, ധരംവീർ പ്രജാപതി, സഞ്ജീവ് കുമാർ ഗൗർ, ദിനേശ് ഖതിക് എന്നിവർ സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

മന്ത്രിപദവി നൽകുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നും തന്റെ പ്രദേശത്തെ സർവകലാശാലയെക്കുറിച്ച് ഒരു ചർച്ച നടത്താനായി ലക്നൗവിൽ വന്നതായിരുന്നു എന്നും ബറേലിയിലെ ബഹേരിയിൽ നിന്നുള്ള എംഎൽഎ ഛത്രപാൽ ഗംഗ്വാർ പറഞ്ഞു. എന്നാൽ ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാതിനിധ്യം ലഭിക്കാതിരുന്ന ജാതികളിലും രാഷ്ട്രീയ പാർട്ടികളിലുമാണ് മന്ത്രിസഭാ വിപുലീകരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം. 2017 മാർച്ച് 19 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഉത്തർപ്രദേശ് മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നത്. 2019 ഓഗസ്റ്റ് 21 ന് 23 പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

Read more

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്, കാരണം അതിന്റെ ഫലം 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന നൽകും. വൻ രാഷ്ട്രീയ മൂലധനവും മാനവവിഭവശേഷിയും ചെലവഴിച്ചിട്ടും പശ്ചിമ ബംഗാളിൽ ബി.ജെ.പി അടുത്തിടെ വലിയ തിരിച്ചടി നേരിട്ടു.