ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാന് സഹായവുമായി ഐക്യരാഷ്ട്രസഭ

ഭൂകമ്പത്തിൽ തക‍ർന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവ‍ർത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും അടക്കമുള്ള സാധനങ്ങൾ ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. ലോകരാജ്യങ്ങളോട് താലിബാൻ ഭരണകൂടം സഹായം തേടിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ നടപടി.

ഇന്നലെ പുലർച്ചെയാണ് റിക്ടർ സ്കെയിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകർ വ്യക്തമാക്കി. പല ജില്ലകളും പൂർണ്ണമായും തകർന്ന നിലയിലാണ്.

വാർത്താ വിതരണ സംവിധാനവും റോഡുകളും തകർന്നു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരമാണന്ന് അധികൃതർ വ്യക്തമാക്കി. കിഴക്കൻ മേഖലയിൽ പാക് അതിർത്തിയോട് ചേർന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശം ഹിന്ദുകുഷ് മലനിരകളിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

താലിബാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസിൽ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബർ ഗിരാർഡറ്റ് പറഞ്ഞു.