സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറേയെ പോയി തല്ലണമെന്ന് കേന്ദ്രമന്ത്രി; ബി.ജെ.പി-.ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ, മന്ത്രിക്ക് എതിരെ അറസ്റ്റ് വാറണ്ട്

കേന്ദ്രവും മഹാരാഷട്ര സര്‍ക്കാരും തമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത ഉദ്ധവ് താക്കറെയെ പോയി അടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പ്രസ്താവന. റാണെയുടെ പ്രസ്താവന മഹാരാഷ്ട്രയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി- ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ഏറ്റുമുട്ടി. അതിനിടെ റാണെയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാസിക്കില്‍ ശിവസേന പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് റാണെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുബൈയിലെ റാണെയുടെ വസതിയിലേക്ക് സേന പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ജൂഹൂവിലെ റാണെയുടെ വസതിയ്ക്ക് മുന്നില്‍ ബി ജെ പി- സേന പ്രവര്‍കത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുപാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ പിന്‍തിരിപ്പിച്ചത്. മുംബൈയില്‍ പലയിടങ്ങളിലും ബിജെപി -സേന പ്രവര്‍ത്തകര്‍ പരസ്പ്പരം കല്ലുകള്‍ എറിഞ്ഞു. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് സേന പ്രവര്‍ത്തകര്‍ പല റോഡുകളും ഉപരോധിച്ചു. നാഗ്പ്പൂരിലെ ബിജെപി ഓഫീസിന് നേരേയും സേന പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. നാരയണ്‍ റാണെയെ കോഴിക്കള്ളന്‍ എന്ന് വിളിക്കുന്ന പോസ്റ്ററുകള്‍ സേന യുവജന വിഭാഗം പലയിടങ്ങളിലും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ റാണെ കോഴിക്കട നടത്തിയിരുന്നതിനെ പരാമര്‍ശിച്ചാണ് പോസ്റ്റര്‍.കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന് ബിജെപി റെയ്ഗ്ഡല്‍ നടത്തിയ ജന്‍ ആശിര്‍വാദ് യാത്രയിലാണ് നാരയണ്‍ റാണെ വിവാദ പ്രസ്താവന നടത്തിയത്. നേരത്തെ ഓഗസ്റ്റ് 15ന് പ്രസംഗത്തിനിടെ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നത് ചൂണ്ടിക്കാണിച്ചാണ് അടിക്കുമെന്ന് റാണെ പ്രസ്താവിച്ചത്.